Social Icons

Sunday 5 October 2014

Vellimoonga Malayalam movie review



ഹൃദയസ്പര്‍ശിയായ കഥകളുടെ രാഹിത്യമാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്ന രൂപത്തിലുള്ള ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു ഏകദേശം കഴിഞ്ഞ ഒരു പതിറ്റാണ്ടായി. ധിഷണയുള്ള എഴുത്തുകാരുടെ അഭാവം നമ്മുടെ സിനിമക്കുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ് താനും . 'ആശയം ഉള്‍ക്കൊണ്ടു' കൊണ്ട് ചെയ്തത് എന്ന നിലയില്‍ ഇക്കാലയളവില്‍ പാശ്ചാത്യ , ലാറ്റിനമേരിക്കാന്‍ , ഇറാനിയന്‍ , കൊറിയന്‍ ചിത്രങ്ങളുടെ നഗ്‌നമായ മോഷണങ്ങളും മലയാള സിനിമയില്‍ നടമാടുകയുണ്ടായി . അക്കാര്യത്തില്‍ ന്യൂ ജനറേഷന്‍ എന്നോ , ഓള്‍ഡ് ജനറേഷന്‍ എന്നോ വ്യത്യാസമുണ്ടായിരുന്നില്ല . എന്തായാലും അല്‍പ്പം ഭേദപ്പെട്ട നിലയിലാണ് ഇന്നിപ്പോള്‍ മലയാള സിനിമ സഞ്ചരിക്കുന്നത് എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

ഒരു സുപ്രഭാതത്തില്‍ കഥാ രാഹിത്യതിന്റെ ദാരിദ്ര്യം അവസാനിച്ചത് കൊണ്ടല്ല അത് , മറിച്ച് പുതുമകളും , വ്യത്യസ്തതകളും പരീക്ഷിക്കുന്നത് വിജയിക്കുന്നുണ്ട് , തീയേറ്ററിലേക്ക് ആളുകള്‍ വരുന്നുണ്ട് എന്ന കാരണത്താല്‍ ആണ് . ആ നിലയ്ക്ക് ഒരു കല അല്ലെങ്കില്‍ വ്യവസായം എന്ന നിലയില്‍ ആളുകളെ 'രസിപ്പിക്കുക ' എന്നതിനപ്പുറം സിനിമക്ക് എന്തെങ്കിലും കാര്യമായ റോള്‍ സമൂഹത്തില്‍ ഉണ്ടോ എന്നുള്ളത് ഗൗരവതരമായ ചര്‍ച്ചയാവേണ്ടാതാണെന്നു തോന്നുന്നു .



കഥാരാഹിത്യം യഥാര്‍ത്ഥത്തില്‍ ഒരു പ്രതിസന്ധിയാണോ എന്ന രൂപത്തിലേക്കുള്ള ഒരു ചിന്ത നമ്മില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന ഒരു ലളിതമായ സിനിമയാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ .ഈ സിനിമക്ക് ജോജി തോമസ് രചനയും , വിഷ്ണു നാരായണന്‍ ഛയാഗ്രാഹണവും നിര്‍വ്വഹിച്ചിരിക്കുന്നു .സങ്കീര്‍ണ്ണമായ ഒരു കഥയും അതിന്റെ സംഘര്‍ഷങ്ങളും ഒന്നും ഈ സിനിമയിലില്ല ; നെടുങ്കന്‍ ഡയലോഗുകളോ , ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട സംഘട്ടന രംഗങ്ങളോ ഒന്നും ഇതിന്റെ ആകര്‍ഷക ഘടകങ്ങള്‍ അല്ല . ഒരു കുഞ്ഞുകഥ കെട്ടുറപ്പുള്ള തിരക്കഥയായെഴുതിയിരിക്കുന്നു. ദ്വയാര്‍ത്ഥപ്രയോഗത്തിലെ അശ്ലീലതയും , വളിപ്പുകളും ഇല്ലാതെ കൊട്ടകയില്‍ ചിരിയുണര്‍ത്താന്‍ കഴിയുന്നതിന്റെ ചേലും ചാരുതയും ഈ സിനിമക്കുണ്ട് ; അതിനുവേണ്ടിപ്പോലും മുന്‍നിര ഹാസ്യനടന്മാര്‍ ആരും ഈ സിനിമയിലില്ല എന്നതും ശ്രദ്ധേയമാണ് .

ആദര്‍ശവാനായിരുന്ന പിതാവിന്റെ കോണ്‍ഗ്‌സ് രാഷ്ട്രീയപ്പ്രവര്‍ത്തനം കുടുംബത്തിനു ലാഭങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലാത്ത വീട്ടിലെ മൂത്ത മകനാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്ന മാമച്ചന്‍ എന്ന കഥാപാത്രം. നാല്‍പ്പതു കഴിഞ്ഞ അയാളുടെ ഇപ്പോഴത്തെ വ്യക്തിത്വം വിശകലം ചെയ്താല്‍ രസകരവും കൗതുകകരവുമാണ് . കേന്ദ്രത്തില്‍ അല്‍പ്പം പ്രസക്തിയുള്ള , എന്നാല്‍ കേരളത്തില്‍ കേവലം ഈര്‍ക്കില്‍ പാര്‍ട്ടി മാത്രമായ ഒരു സംഘടനയുടെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റാണ് ടിയാന്‍ . സ്വന്തം ഗ്രാമത്തിലെ പഞ്ചായത്തിന്റെ വികസനങ്ങളുടെ ക്രെഡിറ്റ് പോലും സ്വന്തം പേരിലാക്കി നടക്കുന്ന ആളുകള്‍ക്കിടയില്‍ വിലയോന്നുമില്ലാത്ത എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൂര്‍മ്മബുധിക്കാരനായ ഒരു രസിക കഥാപാത്രം . 

അയാളുടെ കൂര്‍മ്മബുധിയും , അതുമായി ബന്ധപ്പെട്ട പ്രായോഗികതയും, തനിക്കു വന്ന് ചേരാന്‍ സാധ്യതയുള്ള മന്ത്രി സ്ഥാനവും, പ്രണയിക്കുന്ന പെണ്ണിനെയും സ്വന്തമാകാന്‍ അയാള്‍ കാണിക്കുന്ന അടവുകളുളിലൂടെ ക്ലൈമാക്‌സോടുകൂടി വെളിവാക്കപ്പെടുന്നു . ഇത്രമാത്രമാണ് ഈ സിനിമയുടെ കഥ. മുകളില്‍ ചര്‍ച്ച ചെയ്ത രൂപത്തില്‍ വിവക്ഷിച്ചാല്‍ ഇതൊരു കഥയല്ല ; മറിച്ച് ഒരു കഥാരാഹിത്യമാണെന്ന് കാണാന്‍ കഴിയും. എന്നിട്ടും ഒട്ടും മുഷിപ്പിക്കാതെ ചെറു നര്‍മ്മങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകനെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പിടിച്ചിരുത്താന്‍ ഈ സിനിമക്ക് സാധിക്കുന്നു. അതിനപ്പുറത്തേക്കുള്ള വലിയൊരു ഗഹനമായ ചര്‍ച്ചയൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ല.


വലിയ കഥയില്ലെങ്കിലും കെട്ടുറപ്പുള്ള തിരക്കഥയും , മുഷിച്ചില്‍ ഉളവാക്കാത്ത ആഖ്യാന ശൈലിയും , ഗ്രാമീണ ചിത്രങ്ങളും , അതിന്റെ നിഷ്‌ക്കളങ്കതകളും, മലയാളി ഇപ്പോഴും സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമായി പറയുന്നുണ്ട് ഈ സിനിമ .വെള്ളിമൂങ്ങ എന്ന സിനിമയുടെ പ്രസക്തിയും, സ്വീകാര്യതയും അത് മാത്രമാണ്. ഒരുപക്ഷേ നല്ല കഥാതന്തുക്കള്‍ ഉണ്ടായിട്ടുപോലും മുകളില്‍ പറഞ്ഞ അടിസ്ഥാന ഗുണങ്ങള്‍ സൂക്ഷിക്കാന്‍ അവാത്തതിനാലാവാം ഒരുപാട് സിനിമകള്‍ അര്‍ഹിക്കാത്ത പരാജയം രുചിക്കുന്നത്. ആ നിലയില്‍ കൂടി വെള്ളിമൂങ്ങ ഒരു പാഠമോ , മാതൃകയോ ആണെന്ന് പറയാന്‍ കഴിയും. ഒരു ന്യൂ ജനറേഷന്‍ സിനിമയുടെ നിര്‍വ്വചനത്തില്‍ ഒതുങ്ങുന്നതോ , അത്തരം സങ്കല്‍പ്പത്തോട് ചേര്‍ന്ന് നില്‍ക്കുന്നതോ അല്ല ഈ സിനിമ. 

ഗ്രാമീണതയും, ഗ്രാമവാസികളും, ചെറിയ കവലയും, മലയാളിക്ക് ഇഷ്ട്ടപ്പെട്ട രാഷ്ട്രീയവും എല്ലാം ഈ സിനിമയില്‍ ചേരുവകള്‍ തെറ്റാതെ ഉപയോഗിച്ചിരിക്കുന്നു.

VERDICT :: simply superb

No comments:

Post a Comment

 

Sample text

Sample Text

Sample Text

 
Blogger Templates